എന്റെ വെള്ളിയൂരിന്റെ വിശേഷങ്ങള്‍ക്കും ജീവശാസ്ത്രം-ഐ.ടി.വിശേഷങ്ങള്‍ക്കും ആയി ഒരു എളിയ ശ്രമം
Wednesday, August 4, 2010
കാന്തികമണ്ഡലം, വൈദ്യുതമണ്ഡലം
കാന്തങ്ങൾ, വൈദ്യുതധാര എന്നിവയുടെ ചുറ്റുമുണ്ടാകുന്നതും, കാന്തിക വസ്തുക്കളിലും ചലിക്കുന്ന വൈദ്യുതചാർജ്ജുകളിലും ബലം ചെലുത്താനാകുന്നതുമായ ഭൗതിക ഗുണമാണ് കാന്തികക്ഷേത്രം. ഇത് ഒരു സദിശമാണ് എന്നതിനാൽ സ്ഥലത്ത് എല്ലായിടത്തും ഇതിന് ഒരു പരിമാണവും ഒരു ദിശയുമുണ്ടാകും.
മാറിക്കൊണ്ടിരിക്കുന്ന കാന്തികക്ഷേത്രം വൈദ്യുതമണ്ഡലത്തിനും മാറ്റം വരുന്ന വൈദ്യുതമണ്ഡലം കാന്തികക്ഷേത്രത്തിനും കാരണമാകുന്നു. വിശിഷ്ട ആപേക്ഷികതയനുസരിച്ച് വൈദ്യുതമണ്ഡലവും കാന്തികക്ഷേത്രവും ഒരേ ഭൗതികവസ്തുവിന്റെ - വിദ്യുത്കാന്തികമണ്ഡലത്തിന്റെ - രണ്ടു രൂപങ്ങളാണ്. വിവിധ നിരീക്ഷകർ ഒരേ വിദ്യുത്കാന്തികമണ്ഡലത്തെ വൈദ്യുതമണ്ഡലത്തിന്റെയും കാന്തികക്ഷേത്രത്തിന്റേയും വിവിധ അളവുകളിലുള്ള മിശ്രിതങ്ങളായാകും അളക്കുന്നത്.
നവീനഭൗതികത്തിൽ കാന്തിക, വൈദ്യുത മണ്ഡലങ്ങൾ ഒരു ഫോട്ടോൺ ഫീൽഡിന്റെ രൂപങ്ങളാണ്. സ്റ്റാൻഡേർഡ് മോഡൽ അനുസരിച്ച് ഫോട്ടോണുകളാണ് വിദ്യുത്കാന്തികബലങ്ങളുടെ വാഹകർ.
.
വൈദ്യുതമണ്ഡലം
.
വൈദ്യുതചാർജ്ജുകൾ, മാറ്റം വന്നുകൊണ്ടിരിക്കുന്ന കാന്തികക്ഷേത്രങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള സ്ഥലത്തിന്റെ ഒരു ഭൗതികഗുണമാണ് വൈദ്യുതമണ്ഡലം. വൈദ്യുതചാർജ്ജുള്ള വസ്തുക്കളുടെമേൽ ബലം ചെലുത്താൻ വൈദ്യുതമണ്ഡലത്തിനാകുന്നു. മൈക്കൽ ഫാരഡേ ആണ് ഈ സങ്കല്പം ആദ്യമായി മുന്നോട്ടു വച്ചത്.
വൈദ്യുതമണ്ഡലം ഒരു സദിശമാണ്. ന്യൂട്ടൺ/കൂളംബ് (N C−1) അഥവാ വോൾട്ട്/മീറ്റർ (V m−1) ആണ് ഇതിന്റെ എസ്.ഐ. ഏകകം. ഒരു കൂളംബ് വൈദ്യുതധനചാർജ്ജുള്ള കണത്തിനുമേൽ വൈദ്യുതമണ്ഡലം മൂലം അനുഭവപ്പെടുന്ന ബലമാണ് മണ്ഡലത്തിന്റെ പരിമാണം. ബലത്തിന്റെ ദിശയാണ് മണ്ഡലത്തിന്റെ ദിശയും. വൈദ്യുതമണ്ഡലത്തിൽ വൈദ്യുതോർജ്ജം സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ അളവ് വൈദ്യുതമണ്ഡലത്തിന്റെ പരിമാണത്തിന്റെ വർഗ്ഗത്തിന് ആനുപാതികമാണ്.
ചലിക്കുന്ന വൈദ്യുതചാർജ്ജുകൾ വൈദ്യുതമണ്ഡലത്തിനു പുറമെ കാന്തികക്ഷേത്രത്തിനും കാരണമാകുന്നു. വൈദ്യുത, കാന്തിക മണ്ഡലങ്ങൾ അടിസ്ഥാനപരമായി വ്യത്യസ്തമല്ല. ഒരു നിരീക്ഷകൻ വൈദ്യുതമണ്ഡലമായി കാണുന്നതിനെ മറ്റൊരു ആധാരവ്യവസ്ഥയുള്ള മറ്റൊരു നിരീക്ഷകൻ വൈദ്യുതമണ്ഡലത്തിന്റെയും കാന്തികക്ഷേത്രത്തിന്റെയും മിശ്രിതമായാകും കാണുന്നത്. ഇക്കാരണത്താൽ വൈദ്യുതമണ്ഡലത്തെയും കാന്തികക്ഷേത്രത്തെയും ചേർത്ത് വിദ്യുത്കാന്തികക്ഷേത്രം എന്ന് വിളിക്കുന്നു.
Subscribe to:
Post Comments (Atom)

No comments:
Post a Comment